കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഈ പ്രസ്ഥാനം കടക്കെണിയിൽ അകപ്പെട്ടിട്ട് വർഷങ്ങൾ ആയിരിക്കുന്നു. നൂറ് കണക്കിന് പ്രൈവറ്റ് ബസുകൾ ദിവസം ഓടി ലാഭം കൊയ്യുന്നിടത്താണ് എങ്ങനെ പരിശ്രമിച്ചിട്ടും കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി വിട്ടൊഴിയാതെ നിൽക്കുന്നത്.ഇവിടെയാണ് ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടേതെന്ന പേരിൽ പ്രചരിക്കുന്ന കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ഡിയർ കെഎസ്ആർടിസി എംഡി 800 രൂപയും ചിലവും ദിവസക്കൂലി തരൂ ഞങ്ങളോടിച്ചോളാം ഈ വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുവോ…? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് 5 രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ.
കുറിപ്പിന്റെ യഥാർത്ഥ ഉറവിടം വ്യക്തമായിട്ടില്ലെങ്കിലും സമൂഹമാദ്ധ്യമത്തിൽ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചിരിക്കുന്നത്. സേവ് കെഎസ്ആർടിസി എന്ന ഹാ്ഷ്ടാഗുമായാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ചിരുന്ന പണിമുടക്കും ഇതിൽ പരാമർശിക്കുന്നു.
ഇക്കഴിഞ്ഞ ഒരു മാസം എടുത്താൽ മാത്രം മതിയാകും കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ ഉയരുന്ന പരാതികളുടെ ആഴം എത്രയാണെന്ന് ഒരോ സധാരണക്കാരനും മനസിലാക്കാൻ. പാസ് ചോദിച്ചുപോയ അച്ഛനെയും മകളെയും തല്ലിയതാണ് ഒരു കേസെങ്കിൽ, യാത്രക്കാരെ അസഭ്യം പറഞ്ഞ് ബസിൽ നിന്ന് ഇറക്കിവിട്ടതായിരുന്നു മറ്റൊന്ന്. യാത്രക്കാരനോട് മോശമായി സംസാരിച്ച് ഒടുവിൽ യാത്രക്കാരനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചത് അടുത്തത്. ഇങ്ങനെ നീളുന്നു പരാതികൾ
Comments