ഇസ്ലാമാബാദ്: പാകിസ്താനുമായി വ്യാപാര ബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന . ഇതിന്റെ ഭാഗമായി കഴുതകളെയും നായ്‌ക്കളെയും ചൈന ഇറക്കുമതി ചെയ്യുമെന്നാണ് വിവരം . ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെയും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിലാണ് ഇവയെ പാകിസ്താനിൽ നിന്നും ഇറക്കുമതി ചെയ്യാൻ ചൈന താല്പര്യം പ്രകടിപ്പിച്ചത്. പാകിസ്താൻ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് ഇതിലൂടെ നേരിടാൻ കഴിയും എന്നാണ് വിലയിരുത്തൽ.
അഫ്ഗാനിസ്താനിൽ മൃഗങ്ങൾക്ക് താരതമ്യേന വില കുറവായതിനാൽ പാകിസ്താന് അവിടെ നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യാം. ഒപ്പം ഇതേ ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ അഫ്ഗാനിസ്താനിലെ മൃഗങ്ങൾക്ക് അടുത്തകാലത്തായി വ്യാപകമായി ത്വക്ക് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ അവിടെ നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിരോധിച്ചതായി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു.
ലോകത്തിൽ കഴുതകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് പാകിസ്താൻ. ഇവിടെ നിന്നും മുൻപും ചൈന മാംസം കയറ്റുമതി ചെയ്തിരുന്നു. ഇതിന് പുറമെ കഴിഞ്ഞ വർഷം പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയിൽ 3,000 ഏക്കറിൽ ഒരു കഴുത ഫാം പഞ്ചാബ് ഗവൺമെൻറ് സ്ഥാപിച്ചിരുന്നു. ഇവിടുത്തെ പാകിസ്താൻ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സ്ഥാപനമാണിത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി അമേരിക്കൻ ഉൾപ്പെടെ നിരവധി ഇനങ്ങളിൽപ്പെട്ട കഴുതകളെ ഇവിടെ വളർത്തിയിരുന്നു. പരമ്പരാഗത മരുന്ന് നിർമ്മാണത്തിനാണ് ചൈന കഴുതകളെ ഇറക്കുമതി ചെയ്യുന്നത്.
Comments