ഹൈദരാബാദ്: തെറ്റായ ദിശയിൽ ഓടിച്ചു വന്ന ബൈക്ക് പോലീസ് തടഞ്ഞതോടെ സ്വന്തം ബൈക്ക് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. ഹൈദരാബാദിലെ മൈത്രിവനം ജംഗ്ഷനിലാണ് സംഭവം. നിയമം തെറ്റിച്ച് വഴിയിൽ ട്രാഫിക് ബ്ലോക്ക് സൃഷ്ടിക്കുന്ന തരത്തിൽ ബൈക്ക് ഓടിച്ചതോടെ പോലീസ് തടയുകയായിരുന്നു. എന്നാൽ പോലീസ് തന്റെ ബൈക്ക് തടഞ്ഞത് ഇഷ്ടപ്പെടാത്ത അശോക് ആദിത്യ കടയിൽ നിന്നും പെട്രോളുമായി തിരികെ എത്തി വാഹനം നടുറോഡിലിട്ട് കത്തിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബൈക്കിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ച ശേഷം അശോക് സ്ഥലത്തു നിന്നും മാറി നിന്നു. ഇതോടെ തീ അണയ്ക്കാൻ ട്രാഫിക് പോലുസുകാരൻ ശ്രമിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. അമീർപേട്ടിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് അശോക് ആദിത്യ. കടയുടമ തെറ്റായ ദിശയിലൂടെയാണ് ബൈക്ക് ഓടിച്ചതെന്നും ഇത് ശ്രദ്ധയിൽപ്പെട്ട ട്രാഫിക് പോലിസ് ഉദ്യോഗസ്ഥൻ വാഹനം തടയുകയായിരുന്നുവെന്നും ഹൈദരാബാദ് സിറ്റി പോലീസ് വ്യക്തമാക്കി.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹൈദരാബാദ് ട്രാഫിക് പോലീസ് ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുകയും നിയമങ്ങൾ പാലിക്കാതെയും അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുകയും ചെയ്യുന്ന യാത്രക്കാർക്കെതിരെ കർശനമായി നടപടിയെടുക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഗതാഗതം സുഗമമാക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ഒക്ടോബർ 3-ന് “ഓപ്പറേഷൻ റോപ്പ്”(ഗതാഗതം തടസ്സമുണ്ടാക്കുന്ന പാർക്കിംഗും കയ്യേറ്റങ്ങളും നീക്കംചെയ്യാനുള്ള പദ്ധതി) ഹൈദരാബാദ് ട്രാഫിക് പോലീസ് ആരംഭിച്ചിരുന്നു.
Comments