തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ തള്ളി കൂടുതൽ മലയാളി നേതാക്കൾ രംഗത്ത്. മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് രമേശ് ചെന്നിത്തല എംഎൽഎ പിന്തുണ പ്രഖ്യാപിച്ചു.വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹം ഖാർഗെയ്ക്കായി പ്രചാരണത്തിനിറങ്ങും. 7 ന് ഗുജറാത്തിലും 8 ന് മഹാരാഷ്ട്രയിലും 9,10 ദിവസങ്ങളിൽ ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പ്രചാരണം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടി പ്രവർത്തന പരിചയവും പാരമ്പര്യവും ഖാർഗെയ്ക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തിന് പിന്തുണ നൽകുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഒരാൾക്ക് പാർട്ടി രംഗത്ത് പ്രവർത്തിച്ച മുൻകാലപരിചയം വേണം. മഹാഭൂരിപക്ഷം അംഗങ്ങളും ഖാർഗെയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളാരും ശശി തരൂരിനെ എതിർത്തിട്ടില്ല. അദ്ദേഹം മൂന്ന് തവണ പാർലമെന്റേറിയനാിരുന്നു.കേന്ദ്രമന്ത്രിയുമാക്കി.കേരളത്തിൽ നിന്നുള്ള നേതാക്കളുടെ കൂടി പിന്തുണയോടെയാണ് അതെല്ലാമുണ്ടായത്. ഇത് ദേശീയ കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരമാണെന്നും അതിനെ കേരളത്തിൽ നിന്നുള്ള പിന്തുണയില്ലെന്ന രീതിയിൽ വിലയിരുത്തരുതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Comments