ലണ്ടൻ: ലണ്ടനിൽ പട്ടാപ്പകൽ മൂന്ന് പേരെ കുത്തിവീഴ്ത്തിയതായി റിപ്പോർട്ട്. ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. കവർച്ചയായിരുന്നു ഉദ്ദേശ്യമെന്നാണ് പോലീസ് കരുതുന്നത്. സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
മൂന്ന് പേരെ കുത്തിയ ശേഷം ഒരാളെ തല്ലിവീഴ്ത്തുകയാണ് ചെയ്തത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിവർപൂൾ സട്രീറ്റിനടുത്ത് ബിഷോപ്സ്ഗേറ്റിൽ രാവിലെ 9.46ഓടെയായിരുന്നു ആക്രമണം.
ഇലക്ട്രിക് സ്കൂട്ടറിലെത്തിയ രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫോൺ മോഷ്ടിക്കാനുള്ള ശ്രമമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. ചികിത്സയിലുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments