ആലപ്പുഴ: സവാളയ്ക്കൊപ്പം 18 ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ കടത്തിയ രണ്ട് പേർ അറസ്റ്റിൽ. പിക്അപ് വാനിലാണ് പുകയില കടത്തിയത്. വാനിന്റെ ഡ്രൈവർ ആലിശ്ശേരി സ്വദേശി മുനീർ, അമ്പലപ്പുഴ സ്വദേശി സജീർ എന്നിവരാണ് പോലീസിന്റെ വലയിലായത്. സവാളയ്ക്കൊപ്പം 88 ചാക്കിലായി 5,500 പാക്കറ്റ് പുകയിലയാണ് പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസമാണ് പഴക്കച്ചവടത്തിന്റെ മറവിൽ 1400 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയത്. സംഭവത്തിൽ ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങിയതായി അന്വേഷണ സംഘം വ്യക്തമാക്കി. ഇയാളാണ് ലഹരിക്കടത്തിന്റെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. നവി മുംബൈയിൽ ലഹരി മരുന്ന് കൊണ്ട് പോകാൻ മൻസൂർ ഏൽപിച്ച രാഹുൽ എന്നയാൾക്കായും തെരച്ചിൽ നടക്കുകയാണ്.
രാഹുൽ എത്തി ലഹരി മരുന്ന് കൊണ്ടുപോവുമെന്നായിരുന്നു മൻസൂർ നൽകിയ നിർദ്ദേശമെന്ന് കേസിൽ അറസ്റ്റിലായ എറണാകുളം സ്വദേശി സിജിൻ വർഗീസ് മൊഴി നൽകിയിട്ടുണ്ട്. നാല് വർഷത്തോളമായി സംഘം ലഹരി കടത്ത് നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കൊച്ചി തുറമുഖം വഴിയും ലഹരി കടത്ത് നടത്തിയതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
Comments