പാലക്കാട് : വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ സീറ്റിൽ നിന്ന് ഡാൻസ് കളിച്ച് വാഹനം ഓടിക്കുന്നതിന്റെ ദൃശങ്ങൾ പുറത്ത്. വളരെ അശ്രദ്ധയോടെ അപകടകരമായി ജോമോൻ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂർ ഡിവൈഎസ്പിയ്ക്കാണ് ദൃശ്യങ്ങൾ ലഭിച്ചത്.
ബസിൽ വളരെ ഒച്ചത്തിൽ പാട്ട് ഇട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ പാട്ടിനൊപ്പമാണ് ഡ്രൈവർ സീറ്റിന്റെ ഒരു വശത്ത് നിന്നു കൊണ്ട് ഇയാൾ ഡാൻസ് ചെയ്യുന്നത്. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നത്. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ബസ് ഓടിക്കുന്നത്
ജോമോനാണോയെന്ന് പരിശോധിക്കും. കസ്റ്റഡിയിലുള്ള ജോമോനോട് വിവരം ചോദിച്ചറിയുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിൽ ഈ ദൃശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ജോമോനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ രക്ഷപ്പെട്ട ഇയാളെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. കൂടാതെ വാഹനം ഒടിക്കുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നോ എന്ന് അറിയുന്നതിനായി രക്തസാമ്പിൾ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതിനിടെ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ ബസ് അമിത വേഗതയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Comments