ചണ്ഡീഗഡ്: പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ മുഖ്യപങ്കാളിയായ പ്രായപൂർത്തിയാകാത്ത ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഭീകരന്റെ പേര് ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി അർഷ്ദീപ് സിംഗിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളും പ്രായപൂർത്തിയാകാത്ത ഭീകരനും മുൻപ് പല കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ബോഡി ബിൽഡറായ സഞ്ജയ് ബിയാനിയുടെ കൊലപാതകവുമായി ഇരുവർക്കും പങ്കുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിരുന്നു.
കഴിഞ്ഞ മെയിലാണ് കേസിനാസ്പദമായ സംഭവം. സ്ഫോടനത്തിനായി ആക്രമികൾ പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളാണ് ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പിന്നീട് നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തിരുന്നു. സംഘടനയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ പ്രായപൂർത്തിയാകാത്തയാളെന്ന് പോലീസ് പറഞ്ഞു.
Comments