കോട്ടയം: സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് പരിക്ക്. കോട്ടയം ചിങ്ങവനത്തിനടുത്ത് പവർഹൗസ് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എട്ടാം ക്ലാസുകാരനായ അഭിറാമിന് മുഖത്തും കൈമുട്ടിനും പരിക്കേറ്റു. വിദ്യാർത്ഥി വീണിട്ടും ബസ് നിർത്തിയില്ലെന്ന് ആക്ഷേപമുണ്ട്. നാട്ടുകാരാണ് പിന്നീട് ബസ് തടഞ്ഞു നിർത്തിയത്.
ബസ് അമിതവേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കോട്ടയം-കൈനടി റൂട്ടിലോടുന്ന ചിപ്പി എന്ന് പേരുള്ള ബസാണ് അപകടമുണ്ടാക്കിയത്. കുട്ടി ബസിൽ നിന്ന് വീണിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്നതാണ് വിമർശനം. ഇത്തരം അനുഭവങ്ങൾ മറ്റ് കുട്ടികൾക്ക് ഉണ്ടാകരുതെന്ന് അഭിരാമിന്റെ പിതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഓട്ടോമാറ്റിക് ഡോറിലെ തകരാറും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം വിവാദമായതോടെ ഡ്രൈവറോട് തിങ്കളാഴ്ച ഹാജരാകാൻ ആർടിഒ നിർദേശിച്ചു. സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.
Comments