ന്യൂഡൽഹി : എൻഐഎ കേസിലെ വിചാരണത്തടവുകാരൻ ജയിലിൽ മരിച്ചു. മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീനാണ് മരിച്ചത്. ദില്ലി മണ്ഡോലി ജയിലിലെ തടവുകാരനായിരുന്നു ഇയാൾ. ജയിലിൽ തളർന്നു വീണ അമീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഐഎസ് കേസുമായി ബന്ധപ്പെട്ട് 2021 മാർച്ചിലാണ് ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീനിനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലും കർണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടു എന്നായിരുന്നു ഇയാൾക്കെതിരായ കുറ്റപത്രം വ്യക്തമാക്കുന്നത്. 5,000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട എൻഐഎ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
സമൂഹമാദ്ധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ ഐഎസ്ഐഎസ് ആശയപ്രചാരണം നടത്തി. യുവാക്കളെ ഐഎസ്ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു എന്നീ കുറ്റങ്ങളാണ് അമീനിനെതിരെ എൻഐഎ ചുമത്തിയിരുന്നത്. ഇതിനിടെ 2020 മാർച്ചിൽ അമീൻ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു.ഇവിടെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. ഐഎസ്ഐഎസിനു വേണ്ടി ഫണ്ട് ശേഖരണം നടത്തിയെന്നും ഉദ്യോഗസ്ഥർ മുൻപ് വ്യക്തമാക്കിയിരുന്നു.
Comments