പാലക്കാട്: കേരളശ്ശേരിയിൽ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് അപകടം. കുണ്ടളശ്ശേരി ചക്കാംകുന്ന് വീട്ടിൽ ഹനീഫയുടെ സ്കൂട്ടർ ആണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല.
ചാർജ് ചെയ്ത് 10 മിനിറ്റുകൾക്ക് ശേഷമായിരുന്നു സ്കൂട്ടർ പൊട്ടിത്തെറിച്ചത്. വീടിനുള്ളിൽവെച്ചായിരുന്നു സ്കൂട്ടർ ചാർജ് ചെയ്തിരുന്നത്. ചാർജർ ഊരി മാറ്റി നിമഷങ്ങൾക്കുള്ളിൽ സ്കൂട്ടർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ വീടിന് പുറത്തേക്കോടി. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തുടർന്നും ചെറിയ ശബ്ദത്തിൽ പൊട്ടിത്തെറി തുടർന്നു.
പൊട്ടിത്തെറിയിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന കിടക്കയും കത്തി നശിച്ചിട്ടുണ്ട്. 1 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത് എന്നാണ് ഹനീഫ പറയുന്നത്. കഴിഞ്ഞ വർഷമാണ് ഹനീഫ സ്കൂട്ടർ വാങ്ങിയത്.
Comments