തിരുവന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തൻകോട് സ്വദേശി അലംകൃതയാണ് മരിച്ചത്. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. രാവിലെ കുഞ്ഞിന്റെ രക്തം പരിശോധിക്കാൻ ലാബ് തുറക്കുന്നതും കാത്ത് ബൈക്കിൽ ഇരിക്കുകയായിരുന്നു ഷിബുവും മകൾ അലംകൃതയും. ഈ സമയത്താണ് അമിതവേഗത്തിൽ പാഞ്ഞെത്തിയ ആംബുലൻസ് അപകടമുണ്ടാക്കിയത്.
രോഗിയെ ഇടുക്കിയിൽ എത്തിച്ച ശേഷം മടങ്ങി വരുകയായിരുന്നു ആംബുലൻസ്. സംഭവത്തിൽ ആംബുലൻസ് ഓടിച്ചിരുന്ന മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശിയായ അമലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Comments