പനാജി: ഇന്ത്യൻ നാവികസേനയുടെ മിഗ് 29കെ യുദ്ധവിമാനം തകർന്നുവീണു. ബുധനാഴ്ച രാവിലെ ഗോവ ബേസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയെന്ന് അധികൃതർ അറിയിച്ചു. ഗോവയ്ക്ക് സമീപം സമുദ്രത്തിന് മുകളിൽ നടത്തുന്ന പതിവ് പരീക്ഷണ പറക്കലിനിടെയായിരുന്നു വിമാനത്തിന് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറിന് പിന്നാലെ വിമാനം കടലിലേക്ക് വീഴുകയായിരുന്നു.
വിമാനം തകരുന്നതിന് മുമ്പേ അപായ സൂചന ലഭിച്ചപ്പോൾ പൈലറ്റ് രക്ഷപ്പെടാനായി കടലിലേക്ക് ചാടിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ പൈലറ്റിനെ കണ്ടെത്തി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെന്നും നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നാവികസേന വക്താവ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അപകടത്തിന് കാരണമായ സാങ്കേതിക തകരാറിനെക്കുറിച്ച് അന്വേഷിക്കാൻ ബോർഡ് ഓഫ് എൻക്വയറി ഉത്തരവിട്ടിട്ടുണ്ട്.
Comments