എറണാകുളം: അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. നടൻ നൽകിയ ഹർജിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീനാഥ് ഭാസി കോടതിയിൽ ഹർജി നൽകിയത്. ഇതേ തുടർന്ന് കേസിന്റെ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് റദ്ദാക്കിയത്. കേസ് പിൻവലിക്കുകയാണെന്ന് അവതാരകയും കോടതിയെ അറിയിച്ചിരുന്നു.
നടൻ മാപ്പ് പറഞ്ഞെന്നും, തനിക്ക് ആരെയും ഉപദ്രവിക്കാൻ താത്പര്യമില്ലെന്നുമാണ് അവതാരക കോടതിയെ അറിയിച്ചിരുന്നത്. നടന്റെ ഹർജിയും അവതാരകയുടെ കേസ് പിൻവലിക്കാനുള്ള അപേക്ഷയും കണക്കിലെടുത്തുകൊണ്ടാണ് അന്ന് കോടതി കേസിന്റെ തുടർനടപടികൾ സ്റ്റേ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു അവതാരകയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിരുന്നത്.
Comments