തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹത്തിന്’ വൻ ഡിമാൻഡ്. പുസ്തകം വിപണിയിൽ എത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഴുവൻ കോപ്പിയും വിറ്റു തീർന്നെന്നാണ് പ്രസാധകരായ കറന്റ് ബുക്സ് അധികൃതർ പറയുന്നത്. രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ കറന്റ് ബുക്സ്.
‘ചതിയുടെ പത്മവ്യൂഹ’ത്തിന്റെ അയ്യായിരം കോപ്പിയാണ് ആദ്യഘട്ടത്തിൽ വിപണയിൽ എത്തിച്ചത്. ഇത് മുഴുവനും ഇതിനോടകം തന്നെ വിറ്റ് പോയി.. ഇതിനിടെ പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലർ സമീപിച്ചതായും പ്രസാധകർ വ്യക്തമാക്കി.
ശിവശങ്കറിനെ പരിചയപ്പെട്ടതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സ്വപ്നയുടെ ആത്മകഥയിൽ വിവരിച്ചിട്ടുള്ളത്. ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കർ തന്നെ വിവാഹം കഴിച്ചതായി നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന വിവാഹ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകം അന്വേഷിച്ച് നിരവധി പേരാണ് കറന്റ് ബുക്സിനെ സമീപിക്കുന്നത്. പുസ്തകത്തിലെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ തോതിൽ പ്രചരിച്ചതും ഡിമാന്റ് കൂട്ടി.
Comments