ചണ്ഡീഗഢ്: കനേഡിയൻ പൗരനായ യുവാവിന് വധുവിനെ കണ്ടെത്താൻ സൗന്ദര്യമത്സരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പഞ്ചാബിലെ ബത്തിൻഡയിലാണ് സൗന്ദര്യമത്സരത്തിന്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബർ 23 ന് പ്രദേശത്തെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ച് സൗന്ദര്യമത്സരം നടത്തുന്നുണ്ടെന്നും വിജയിക്ക് കാനഡയിൽ താമസിക്കുന്ന ഒരു എൻആർഐയെ വിവാഹം കഴിക്കാനുള്ള അവസരം ലഭിക്കുമെന്നുമാണ് പോസ്റ്ററിലുള്ളത്.സംഭവത്തിൽ പോസ്റ്ററുകൾ പതിച്ച യുവാവിനെയും പിതാവിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് സാമൂഹിക സുരക്ഷാ വനിതാ ശിശു വികസന മന്ത്രി ബൽജിത് കൗർ സംഭവത്തെ അപലപിച്ചു.
ഒരു പ്രത്യേക ജാതിയിൽപ്പെട്ട പെൺകുട്ടിയെ വിവാഹത്തിന് തിരഞ്ഞെടുക്കുന്നതിനായി നഗരത്തിൽ സൗന്ദര്യമത്സരം സംഘടിപ്പിക്കുന്ന പോസ്റ്ററുകൾ ഒട്ടിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.ഇത് സംബന്ധിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സാമൂഹിക സുരക്ഷ, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി ഉത്തരവിട്ടു.ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാൻ ബത്തിൻഡ ഡെപ്യൂട്ടി കമ്മീഷണറോട് മന്ത്രി ആവശ്യപ്പെട്ടു
Comments