പത്തനംതിട്ട : ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ഭക്ഷണശാലയിൽ എത്തിയവരും ജീവനക്കാരും തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാർ അടക്കം കടയിലെ നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശിയായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്.പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടു കൂടി മൂന്നുപേർ കടയിലെത്തി ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്തു. റാന്നി സ്വദേശികളാണ് മൂവരും. ഓർഡർ എടുത്തതിന് പിന്നാലെ വിഭവങ്ങൾ തയ്യാറാക്കാൻ 20 മിനിറ്റ് വേണ്ടി വരുമെന്ന് ജീവനക്കാർ ഇവരെ അറിയിച്ചു. 20 മിനിറ്റ് ആയിട്ടും ഭക്ഷണം എത്താത്തതിനെ തുടർന്ന് മൂവരും ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
തുടർന്ന് ഇവർ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം.
Comments