തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വഴിതടയല്‍ സമരത്തില്‍ വ്യാപക അക്രമം. തലസ്ഥാനത്തെ പ്രധാന പാതകള്‍ തടഞ്ഞ സമരക്കാര്‍ വാഹനം കടന്നുപോകാതിരിക്കാന്‍ റോഡുകളില്‍ മത്സ്യബന്ധന വലകള്വിരിച്ചു. ചാക്കയ്ക്ക് സമീപം സമരത്തിന് ഇടയിലൂടെ കടന്നുപോകന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ സമരക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഇത് പകര്‍ത്താന്‍ ശ്രമിച്ച ജനം വാര്‍ത്താ സംഘത്തിനേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ വഴികളും സമരക്കാര്‍ തടഞ്ഞു. സ്കൂള്‍ ബസുകള്‍ അടക്കം സമരക്കാര്‍ കടത്തിവിടാതെ തടഞ്ഞുനിര്‍ത്തി. നഗരത്തെ സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരം അരങ്ങേറുമ്പോഴും പോലീസ് നിഷ്ക്രിയമായിരുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വിഴിഞ്ഞം ജംഗ്ഷന്, മുല്ലൂര്‍ എന്നിവിടങ്ങളില്‍ ഉപരോധസമരം നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്നു ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി. ഈ പ്രദേശങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സമരപരിപാടികള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. ഇതിന്റെ ഭാഗമായി 19 ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. അന്നേ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ കലാസാംസ്കാരിക കൂട്ടായ്മയും സംഘടിപ്പിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.
വീഡിയോയിലേക്ക്….
Comments