ന്യൂയോർക്ക്: ഏകദേശം നാല് ദശലക്ഷം ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്‌ക്ക് കൈമാറി. കള്ളക്കടത്തുകാരിൽ നിന്നും പിടിച്ചെടുത്ത 307 പുരാവസ്തുക്കളാണ് യുഎസ് തിരികെ നൽകിയത്. 15 വർഷത്തെ ശ്രമഫലമായാണ് ഇവ പിടിച്ചെടുക്കാനായത്. അന്താരാഷ്‌ട്ര കള്ളക്കടത്തുകാരനായ സുബാഷ് കപൂറിന്റെ ആർട്ട് ഗാലറിയിൽ നിന്നും മറ്റ് ആർട്ട് ഗാലറികളിൽ നിന്നും കടത്ത് ശൃംഖലകളിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്.
ഇയാളുടെ ശേഖരത്തിൽ നിന്ന് മാത്രം 235 പുരാവസ്തുക്കളാണ് കണ്ടെത്തിയത്. ബാക്കിയുള്ള 66-ഓളം പുരാവസ്തുക്കൾ ചെറുകിട കച്ചവടക്കാരിൽ നിന്നുമാണ് പിടിച്ചെടുത്തത്. മറ്റ് രാജ്യങ്ങളിലേക്ക് പുരാവസ്തുക്കൾ കൈമാറ്റം ചെയ്യുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അന്വേഷണത്തിലാണ് കപൂറിൽ നിന്നും ഇവ പിടിച്ചെടുത്തത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിലാണ് ഇവ തിരികെ നൽകിയത്.
കപൂറും കൂട്ടുപ്രതികളും പൊതുവെ കൊള്ളയടിച്ച പുരാവസ്തുക്കൾ മാൻഹട്ടനിലേക്ക് കടത്തുകയും കപൂറിന്റെ മാഡിസൺ അവന്യൂ ആസ്ഥാനമായുള്ള ആർട്ട് ഓഫ് ദി പാസ്റ്റ് എന്ന ഗ്യാലറി വഴി വിറ്റഴിക്കുകയും ചെയ്തു. 2011 മുതൽ 2022 വരെ, കപൂറും അദ്ദേഹത്തിന്റെ ശൃംഖലയും കടത്തിയ 2,500 ലധികം ഇനങ്ങൾ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും എച്ച്എസ്‌ഐയും വീണ്ടെടുത്തു. കണ്ടെടുത്ത കഷണങ്ങളുടെ ആകെ മൂല്യം 143 ദശലക്ഷം ഡോളറോളമാണ്.
15 വർഷത്തോളമായി ലോകമെമ്പാടും നടത്തിയ അന്വേഷണത്തിന്റെ ഫലമാണിതെന്നും വിദഗ്ധമായ അന്വേഷണത്തിനൊടുവിലാണ് ഇവ കെണ്ടത്തിയതെന്നും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ (എച്ച്എസ്‌ഐ) ആക്ടിംഗ് സ്‌പെഷ്യൽ ഏജന്റ് ഇൻ ചാർജ് ആയ മൈക്കൽ അൽഫോൻസോ വ്യക്തമാക്കി.
Comments