ന്യൂഡൽഹി : ഗൂഗിളിന് 1,337 കോടി രൂപ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ . ആൻഡ്രോയ്ഡ് മൊബൈൽ ഉപകരണങ്ങളുമായി ബന്ധപ്പെട്ട വിപണിയിലെ ചട്ട വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. സിസിഐ തന്നെയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്.
2019ൽ നൽകിയ പരാതിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് പിഴ ചുമത്തിയത്.ഇതിന് പുറമെ ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോൺ നിർമ്മിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്നും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് നിർദേശം നൽകി.
ആൻഡ്രോയ്ഡ് ഫോണുകളിൽ നിർമ്മാണ വേളയിൽ തന്നെ തങ്ങളുടെ സെർച്ച് എഞ്ചിൻ ഡീഫോൾട്ടോക്കാൻ പ്രേരിപ്പിക്കുന്നു എന്നായിരുന്നു ഗൂഗിളിനെതിരെയുള്ള പരാതി. അന്വേഷണം നടത്തിയ സിസിഐ വെബ് ലോകത്തെ തെരച്ചിലിലെ മേൽക്കോയ്മ നിലനിർത്താൻ ഗൂഗിൾ അസന്മാർഗിക രീതികൾ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പിഴ ചുമത്തിയത് എന്ന് സിസിഐ വ്യക്തമാക്കി.
ആൻഡ്രോയ്ഡിലൂടെ ഗൂഗിളിന്റെ മറ്റു പല ആപ്ലിക്കേഷനുകൾക്കും പ്രത്യേക പ്രധാന്യം നൽകുന്നതും സിസിഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ ആപ്ലിക്കേഷനുകൾ ഫോണിൽ ഒഴിവാക്കാൻ ആകാത്ത രീതിയിൽ നിർമ്മിക്കരുതെന്നും സിസിഐ പറഞ്ഞു . ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സമയബന്ധിതമായി മാറ്റം വരുത്താൻ ഗൂഗിളിനോട് കമ്മീഷൻ നിർദ്ദേശിച്ചു.
Comments