തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്..
ഞായറാഴ്ച പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത തുടരണമെന്ന് നിർദ്ദേശമുണ്ട്. കേരള തീരത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ലക്ഷദ്വീപ് തീരത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരേയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ലെന്നും നിർദേശമുണ്ട്.
വടക്കൻ ആന്തമാൻ കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ശനിയാഴ്ചയോടെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂന മർദമായും ഞായറാഴ്ച അതിതീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടർന്ന് ന്യൂനമർദ്ദം വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ചയോടെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഇതാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
Comments