ഇടുക്കി: ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ്മയ്‌ക്കെതിരായ തെമ്മാടി പരാമർശത്തിൽ എംഎം മണി എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഐഎഎസ് അസോസിയേഷൻ. മണിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ഐഎഎസ് അസോസിയേഷൻ പരാതി നൽകി. കഴിഞ്ഞ ദിവസമായിരുന്നു എംഎൽഎ കളക്ടർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്.
എംഎം മണിയുടെ തെമ്മാടി പരാമർശം ഉദ്യോഗസ്ഥന്റെ ആത്മവീര്യം തകർക്കുന്നതാണെന്ന് അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. പരാമർശം എംഎം മണി പിൻവലിക്കണം. ഇത്തരം പരാമർശങ്ങൾ ഇനി മേലിൽ ആവർത്തിക്കരുത്. ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു എംഎം മണിയുടെ അധിക്ഷേപ പരാമർശം. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്‌ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയെന്ന് പറഞ്ഞപ്പോൾ, മുഖ്യമന്ത്രി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ദേവികുളം സബ്കളക്ടർ എന്നായിരുന്നു മണിയുടെ പരാമർശം.
Comments