തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ട്രോൾ വിഷയമായി മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന്റെ രാജിയാണ് മുഖ്യമന്ത്രിയുടെ യാത്ര വീണ്ടും ചർച്ചയാക്കിയത്. ഇന്നലെ വൈകീട്ടോടെയായിരുന്നു ലിസ് ട്രസിന്റെ രാജി പ്രഖ്യാപനം.
ലോക കേരള സഭ യൂറോപ്പ്- യുകെ റീജിയണൽ കോൺഫറൻസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘം രണ്ടാഴ്ച മുൻപ് ലണ്ടനിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ ദിവസങ്ങൾക്കകം ലിസ് ട്രസ് രാജിവെച്ചതാണ് ട്രോളൻമാർ ഏറ്റുപിടിച്ചത്. ലിസ് ട്രസിന്റെ വാർത്തകൾക്ക് താഴെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ട്രോൾ കമന്റുകൾ നിറയുകയാണ്. ട്രോൾ ഗ്രൂപ്പുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.
നേരത്തെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോകാൻ തീരുമാനിച്ചതിന് പിന്നാലെ അവിടെ പ്രളയം ഉണ്ടായതും ട്രോളൻമാർ ഇതുപോലെ ഏറ്റുപിടിച്ചിരുന്നു. ഇക്കുറി യൂറോപ്പ് യാത്ര തുടക്കം മുതൽ ട്രോളുകളിൽ വിഷയമാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരത്തിന് പിന്നാലെ യാത്ര തുടങ്ങിയതുൾപ്പെടെ ട്രോളൻമാർ വിഷയമാക്കിയിരുന്നു.
ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾ മാർക്സിന്റെ ശവകുടീരത്തിൽ മുഖ്യമന്ത്രിയും സംഘവും പുഷ്പചക്രം അർപ്പിച്ചതും യാത്രയിൽ മകളെയും കുടുംബത്തെയുമൊക്കെ കൂടെക്കൂട്ടിയതിനെയും ട്രോളൻമാർ നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലിസ് ട്രസിന്റെ രാജിയും മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ചേർത്തുവെച്ച് ട്രോളൻമാർ ആഘോഷിക്കുന്നത്.
Comments