കോട്ടയം: നീണ്ടൂരിൽ വാടക വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്ന മൂവർസംഘം പോലീസ് പിടിയിൽ. 1.25 കിലോഗ്രാം കഞ്ചാവും ഏറ്റുമാനൂർ എക്സൈസ് കണ്ടെടുത്തു. നീണ്ടൂർ ആയിര വേലി ഭാഗത്ത് വില്ലൂന്നി സ്വദേശികളായ യുവാക്കളാണ് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിയത്. റൊണാൾഡോ എന്ന ടുട്ടു, അജിത്ത് എന്നിവരാണ് അറസ്റ്റിലായയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് റെയ്ഡ് നടത്തിയത്. എക്സൈസ് സംഘം വീട്ടിലെത്തിയത് അറിഞ്ഞതോടെ പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. വീട് വാടകയ്ക്കെടുത്ത ജിത്തുവാണ് രക്ഷപ്പെട്ടത്. ഗാന്ധിനഗർ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ പല കേസുകളിലും ഇവർ പ്രതികളാണെന്നും എക്സൈസ് അറിയിച്ചു.
മയക്കുമരുന്നിനെതിരെ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് എക്സൈസ് വകുപ്പ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഇന്നലെ വരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തു. 14.6 കോടി രൂപയുടെ മയക്കുമരുന്നാണ് കസ്റ്റഡിയിലെടുത്തത്.
Comments