അമരാവതി: ആന്ധ്രാപ്രദേശിൽ യുവതിക്കും കുടുംബത്തിനും നേരെ യുവാവിന്റെ ആക്രമണം. ഇരുമ്പ് ദണ്ഡും കത്തിയും ഉപയോഗിച്ചായിരുന്നു യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ 12 പേർക്ക് പരിക്കേറ്റു. ആന്ധ്രയിലെ ഗുണ്ടൂരിലാണ് ആക്രമണമുണ്ടായത്.
പേരം എഡകൊണ്ടാലു എന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാൾ യുവതിയുടെ കാമുകനായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. യുവതി പ്രണയം നിരസിച്ചതോടെ പ്രകോപിതനായ യുവാവ് കുടുംബാംഗങ്ങളെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.
യുവതിക്കും മറ്റ് രണ്ട് പേർക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവർ ഗുണ്ടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവർ നരസരോപേട്ട് സർക്കാർ ആശുപത്രിയിലാണുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
സമാനമായ ആക്രമണമാണ് കഴിഞ്ഞ ദിവസം കേരളത്തിലും സംഭവിച്ചത്. പ്രണയപ്പക മൂലം 23കാരിയെ യുവാവ് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 14 വർഷം ജയിലിൽ കിടന്നാൽ 39-ാം വയസിൽ പുറത്തിറങ്ങുമെന്നും തനിക്ക് നല്ലകാലം നഷ്ടപ്പെടില്ലെന്നുമായിരുന്നു കൊലപാതകത്തിന് ശേഷം പ്രതി പോലീസിനോട് പ്രതികരിച്ചത്.
Comments