തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനം തളളി രാജിവെയ്‌ക്കില്ലെന്ന നിലപാട് സ്വീകരിക്കുന്ന വിസിമാർക്ക് മുന്നറിയിപ്പ് നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാരണം കാണിക്കൽ നോട്ടീസ് ഉടൻ നൽകണമെന്നാണ് വിസിമാർക്ക് ഗവർണർ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്ഭവനിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ കണ്ണൂർ വിസിക്കെതിരെയും പിണറായി സർക്കാരിനെതിരെയും ഗവർണർ തുറന്നടിച്ചു. മാദ്ധ്യമങ്ങളോട് തനിക്കൊരു പ്രശ്നമില്ലെന്നും തനിക്ക് പ്രശ്നമുള്ളത് മാദ്ധ്യമ പ്രവർത്തകർക്കിടയിലെ സിപിഎം കേഡറുകളോടാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് എക്കാലത്തും തനിക്ക് ബഹുമാനമാണുള്ളത്. രാവിലെ മാദ്ധ്യമങ്ങളോടുള്ള തന്റെ പെരുമാറ്റം ശരിയായ തരത്തിലല്ല എന്ന് വിലയിരുത്തരുതെന്നും ഗവർണർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
കണ്ണൂർ വൈസ് ചാൻസിലർക്കെതിരെ ശക്തമായ ഭാഷയിലാണ് ആരിഫ് മുഹമ്മദ് ഖാൻ വിമർശനം ഉന്നയിച്ചത്. കണ്ണൂർ വിസിയെ ക്രിമിനൽ എന്ന് വിളിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും ഗവർണർ പറഞ്ഞു. ഹിസ്റ്ററി കോൺഗ്രസിന് ശേഷം റിപ്പോർട്ട് പോലും തരാൻ കണ്ണൂർ വിസി തയ്യാറായില്ല. തനിക്കെതിരെ നടന്ന അക്രമത്തിൽ വിശദീകരണം നൽകാൻ പറഞ്ഞപ്പോൾ കണ്ണൂർ വിസിയുടെ പ്രതികരണം മോശമായിരുന്നു. താൻ സുരക്ഷ വിദഗ്ധൻ അല്ല എന്നായിരുന്നു അദ്ദേഹം നൽകിയ മറുപടി. ക്രമിനലിന്റെ സ്വഭാവമുള്ള ഒരാളെ ക്രിമിനൽ എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്നും, ഒരു പേര് നിർദ്ദേശിച്ചാൽ അങ്ങനെ വിളിക്കാമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചാൻസിലറുടെ ഉത്തരവ് വിസിമാർ പാലിച്ചില്ല. ഭാരതത്തിന്റെ രാഷ്‌ട്രപതിയെ വരെ അപമാനിക്കുന്ന പ്രസ്താവനയാണ് കണ്ണൂർ വിസിയിൽ നിന്നുണ്ടായത്. സുപ്രീംകോടതി വിധി അനുസരിച്ചാണ് വിസിമാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗവർണർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. മാദ്ധ്യമങ്ങളെ അപമാനിച്ചത് താനല്ല, മാദ്ധ്യമങ്ങളോട് കടക്കു പുറത്തു പറഞ്ഞതും താനല്ല. ഓണാഘോഷത്തിൽ ഗവർണറെ ക്ഷണിക്കാതെ പിണറായി സർക്കാർ കീഴ്വഴക്കം തെറ്റിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് ആണ് വിസിമാരോട് രാജിവെയ്‌ക്കേണ്ട എന്നു പറയുന്നതെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.
Comments