ന്യൂഡൽഹി : ജമ്മു കശ്മീർ ആം ആദ്മി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു. മുതിർന്ന നേതാവ് സതീഷ് ശർമ്മ ശാസ്ത്ര ഉൾപ്പെടെ എട്ട് പേരാണ് ഒന്നിച്ച് പാർട്ടി അംഗത്വം സ്വീകരിച്ചത്. രാജ്യത്തെ കരുത്തുറ്റതാക്കാനും ജനങ്ങളെ സേവിക്കാനും ബിജെപിക്ക് മാത്രമേ സാധിക്കൂ എന്ന് നേതാക്കൾ വ്യക്തമാക്കി.
പാർട്ടി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രദേശത്തെ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്നയും എംപി ജുഗൽ കിഷോർ ശർമയും ചേർന്ന് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആശിഷ് അബ്രോൾ, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശർമ്മ, ദീപക് ശർമ്മ, സുനിതാ ദേവി, ചാരു അബ്രോൾ, മദൻ ലാൽ ശർമ്മ എന്നിവരാണ് ബിജെപിയിലേക്ക് എത്തിയ മറ്റ് നേതാക്കൾ.
അർപ്പണബോധമുള്ള ഒരു സാമൂഹിക പ്രവർത്തകനാണ് ശാസ്ത്രിയെന്നും പുതിയ അംഗങ്ങളെല്ലാം പാർട്ടിയുടെ തത്വങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റെയ്ന പറഞ്ഞു.
ആം ആദ്മിയിൽ ചേരാനുള്ള തന്റെ മുൻ തീരുമാനത്തിൽ പശ്ചാത്തപിക്കുന്നുവെന്ന് ശാസ്ത്രി പറഞ്ഞു. ബിജെപിക്ക് മാത്രമേ ഇനി രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ. ഇപ്പോൾ തനിക്ക് ജീവൻ വെച്ചുവെന്നും ജനങ്ങളെ സേവിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ സേവിക്കാനും ”ദേശീയ ശക്തികളെ” ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന എല്ലാവർക്കും ബിജെപിയുടെ കവാടങ്ങൾ തുറന്നിട്ടിരിക്കുകയാണെന്ന് ജുഗൽ ശർമ പറഞ്ഞു.
Comments