തിരുവനന്തപുരം: പൊതുസ്ഥലത്ത് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാപ്രദർശനം നടത്തിയയാൾ പിടിയിലായിൽ. പോത്തൻകോട് സ്വദേശി സുധീഷ് രാഘവൻ(34) ആണ് പോലീസിന്റെ പിടിയിലായത്. ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്.
ഇന്നലെ രാവിലെ ജോലിസ്ഥലത്തേക്ക് പരാതിക്കാരിയും മറ്റു പെൺകുട്ടികളും പോകുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം . കരിക്കകം വെൺപാലവട്ടം അടിപ്പാതയുടെ താഴെവെച്ച് ബൈക്കിലെത്തിയ സുധീഷ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. തുടർന്നാണ് ഉച്ചയ്ക്ക് 12 മണിയോടെ യുവതി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കല്ലറയ്ക്കടുത്താണ് പ്രതിയുടെ സ്ഥലമെന്ന് കണ്ടെത്തി.
ശേഷം കല്ലറ പോസ്റ്റ് ഓഫീസ് വഴി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഭാര്യയുടെ ഫോൺനമ്പർ ലഭിച്ചു. ഈ നമ്പരിലേക്ക് പോലീസ് വിളിച്ചപ്പോൾ സുധീഷ് ഷവർമ്മ എന്ന പേരാണ് ട്രൂകോളർ ആപ്പിൽ തെളിഞ്ഞത്. ഒപ്പം ഇതിൽ ഇട്ടിരുന്ന പോത്തൻകോടുള്ള ഹോട്ടലിന്റെ ചിത്രവും പോലീസിന് ലഭിച്ചു. പിന്നാലെ നടന്ന അന്വേഷണത്തിൽ ഇയാൾ പോത്തൻകോടുള്ള ബേക്കറിയിൽ ഷവർമ്മ ഉണ്ടാക്കുന്നയാളാണെന്ന് കണ്ടെത്തി. തുടർന്ന് ഹോട്ടലിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments