വാഷിംഗ്ടൺ : ഗുജറാത്തിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഞങ്ങളുടെ ഹൃദയം ഇന്ന് ഇന്ത്യയ്ക്കൊപ്പമാണ്. പാലം അപകടത്തിൽ മരിച്ചവർക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ദുഃഖത്തിൽ തങ്ങളും പങ്കാളികളാകുന്നു എന്ന് അദ്ദേഹം അറിയിച്ചു.
അമേരിക്കയും ഇന്ത്യയും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളാണ്. നമ്മുടെ പൗരന്മാർക്കിടയിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഈ പ്രയാസകരമായ സമയത്തും ഞങ്ങൾ ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ പാലം അപകടം ഉണ്ടായത്.അപകടസമയത്ത് പാലത്തിൽ 500ഓളം പേർ നിന്നിരുന്നുവെന്നാണ് വിവരം. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ പേർ പാലത്തിൽ കയറിയതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. സംഭവത്തിൽ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ അജന്ത ഇൻഫ്രാസ്ട്രക്ച്ഛർ ലിമിറ്റഡിന്റെ ഒമ്പത് ജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചു . പരിക്കേറ്റവർക്ക് 50,000 രൂപയും ലഭ്യമാക്കും. ഇതിന് പുറമെ മരിച്ചവരുടെ ബന്ധുക്കൾക്ക് ഗുജറാത്ത് സർക്കാർ നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments