തൃശ്ശൂർ: കുന്നംകുളത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ബ്ലോക്ക് സെക്രട്ടറി കേച്ചേരി സൈഫുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. എസ്ഡിപിഐക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സൈഫുദ്ദീന് നേരെ ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. വഴിയരികിൽ ഒളിച്ചിരുന്ന സംഘം സൈഫുദ്ദീനെ ഇടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. ഏഴ് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.
ആക്രമണത്തിൽ സൈഫുദ്ദീന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലാണ് സൈഫുദ്ദീൻ ചികിത്സയിലുള്ളത്. ഉടനെ ശസ്ത്രക്രിയക്ക് വിധേയനാക്കും.
സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേച്ചേരിയിൽ ഗ്രാമോത്സവം നടന്നുവരികയാണ്. ഇന്നലെ നടന്ന പരിപാടി എസ്ഡിപിഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ- സിപിഎം പ്രവർത്തകർ ചേർന്ന് എസ്ഡിപിഐക്കാരെ വേദിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ഡിവൈഎഫ്ഐ പറയുന്നത്.
Comments