ന്യൂഡൽഹി: ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യാപാരി ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ക്ഷേത്രത്തിന് മുൻപിൽ നിന്നുകൊണ്ടുള്ള ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം വിശ്വാസികൾക്കായി തുറന്നു നൽകിയതിന് പിന്നാലെ ദർശനം നടത്താൻ ആഗ്രഹിക്കുന്നതായി ആനന്ദ് മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.
അവസാനം താൻ ദുബായിലെ ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തിയെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ഇവിടെ ഷിർദ്ദി സായ് ബാബയുടെ വിഗ്രഹവും ഉണ്ടെന്നും അദ്ദേഹം ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
ഒക്ടോബർ അഞ്ചിന് പങ്കുവെച്ച ട്വീറ്റിൽ ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്താൻ ആഗ്രഹിക്കുന്നതായും ദുബായിൽ പോകുമ്പോൾ തീർച്ചയായും ഇവിടേക്ക് പോകുമെന്നും ആനന്ദ് മഹീന്ദ്ര വെളിപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.
ദുബായിലെ ജെബെൽ അലിയിലാണ് ക്ഷേത്രമുള്ളത്. എല്ലാ ദിവസം രാവിലെ ആറ് മണി മുതൽ 8.30 വരെ ക്ഷേത്രത്തിൽ ദർശനം നടത്താം. ഷിർദ്ദി സായ് ബാബയുടേത് ഉൾപ്പെടെ 15 വിഗ്രഹങ്ങളാണ് ക്ഷേത്രത്തിൽ ഉള്ളത്.
Comments