ന്യൂഡൽഹി: ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവെന്ന് ധനമന്ത്രാലയം. ഒക്ടോബർ മാസത്തിൽ 1.52 ലക്ഷം കോടി രൂപ വരുമാനം ജിഎസ്ടി ഇനത്തിൽ ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. സാമ്പത്തിക രംഗത്ത് കുതിക്കുന്നതിന്റെ സൂചനയാണിതെന്നും കഴിഞ്ഞ എട്ട് മാസം തുടർച്ചയായി പ്രതിമാസ വരുമാനം 1.40 ലക്ഷം കോടിയിലധികമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബറിലെ വരുമാനം ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ്. 2022 ഏപ്രിലിൽ ആയിരുന്നു ഇതിന് മുൻപ് മൊത്ത ജിഎസ്ടി ശേഖരം 1.50 ലക്ഷം കോടി രൂപ കവിയുന്നതെന്നും ധനമന്ത്രാലയം അറിയിച്ചു. 2022 ഏപ്രിലിൽ 1.68 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി മോപ്പ് അപ്പ്. 2021 ഒക്ടോബറിൽ 1.30 ലക്ഷം കോടി രൂപയും 2022 സെപ്റ്റംബറിൽ 1.42 ലക്ഷം കോടി രൂപയുമായിരുന്നു ജിഎസ്ടിയുടെ മൊത്തം വരുമാനം.
ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി 81,778 കോടി രൂപയും സെസ് 10,505 കോടി രൂപയുമാണ് വരുമാനം. സംയോജിത ജിഎസ്ടിയിൽ നിന്ന് കേന്ദ്ര ജിഎസ്ടിയിലേക്ക് 37,626 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിലേക്ക് 32,883 കോടി രൂപയും സർക്കാർ തീർപ്പാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 50:50 എന്ന അനുപാതത്തിൽ 22,000 കോടി രൂപ തീർപ്പാക്കുകയും ചെയ്തു.
Comments