കാസർകോട്: അപകടങ്ങളിൽപ്പെട്ട മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും അഗ്നിരക്ഷാ സേന രക്ഷകരാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് കാസർകോട് കാഞ്ഞങ്ങാട് നിന്നും റിപ്പോർട്ട് ചെയ്തത്. കാഞ്ഞങ്ങാട് പുല്ലൂർ വിഷ്ണുമംഗലത്തെ സീതാലക്ഷ്മിയുടെ വീടിന്റെ ജനൽ കമ്പിയിൽ കുരുങ്ങിയ പൂച്ചയ്ക്കാണ് രക്ഷകരായി അഗ്നിരക്ഷാ സേന എത്തിയത്.
വീട്ടുകാരില്ലാത്ത തക്കം നോക്കി അടുക്കളയിൽ കയറിയ പൂച്ചയാണ് ജനൽ കമ്പികൾക്കിടയിൽ കുടുങ്ങി പോയത്. അടുക്കളയിൽ നുഴഞ്ഞു കയറി ഭക്ഷണം കട്ടു തിന്നുകയായിരുന്നു പൂച്ച. എന്നാൽ കാൽ തട്ടി പാത്രം മറിഞ്ഞു വീണതോടെ ശബ്ദം കേട്ട് വീട്ടുകാർ അടുക്കളയിലേയ്ക്ക് ഓടിയെത്തി. ഇത് കണ്ട് ഭയന്ന് രക്ഷപ്പെടുന്നതിന് അടുക്കളയുടെ ജനൽ കമ്പികൾക്കിടയിലൂടെ പൂച്ച ചാടാൻ ശ്രമിക്കുകയായിരുന്നു. വീതി കുറഞ്ഞ ജനൽ കമ്പികൾക്കിടയിൽ തല പെട്ടതോടെ പൂച്ച കുടുങ്ങി.
ഒരു വശത്തോട്ടും തിരിയാൻ കഴിയാതെ വന്നതോടെ കമ്പിയിൽ കടിച്ചും വലിച്ചും രക്ഷപ്പെടാൻ പൂച്ച ശ്രമിച്ചു. പൂച്ചയുടെ വേദന കണ്ടതോടെ വീട്ടുകാരും രക്ഷപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ അവർക്കും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെ സഹായത്തിന് അഗ്നിരക്ഷാ സേനയെ വിളിക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്നെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക്ക് സ്പെഡ്രർ മെഷീൻ ഉപയോഗിച്ച് കമ്പി വിടർത്തിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്.
Comments