ശ്രീനഗർ : മൂന്ന് ഹൈബ്രിഡ് ഭീകരരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീർ പോലീസ്. ബുദ്ഗാം സ്വദേശികളായ ആമിർ മുഷ്താഖ് ദാർ , അക്വിബ് ജമാൽ ഭട്ടി ശ്രീനഗർ സ്വദേശി കബിൽ റാഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 കിലോഗ്രാം ഐഇഡിയും 2 ഗ്രനേഡുകളും പിടിച്ചെടുത്തു. ശ്രീനഗറിൽ നിന്നാണ് ഈ വസ്തുക്കൾ പോലീസ് കണ്ടെടുത്തത്.
ഹർനാമ്പലിൽ നിന്നാണ് രണ്ട് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തത്. ആമിറിനെയും കബിലിനെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടാളിയായ അക്വിബിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായവർ ലഷ്‌കർ-ഇ-തൊയ്ബയുടെ ‘ദ റെസിസ്റ്റൻസ് ഫ്രണ്ട്’ അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം സാധാരണക്കാരായി ജീവിക്കുകയായിരുന്നു ഇവരുടെ രീതി എന്നും പോലീസ് വ്യക്തമാക്കി.
മൂന്ന് ഭീകരർക്കെതിരെയും യുഎപിഎയുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. ചൻപോറ പോലീസാണ് മൂവർക്കെതിരെയും കേസെടുത്തിരിക്കുന്നത്.
Comments