സോൾ: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുമാണ് തൊടുത്തത്. സംഭവത്തിന് പിന്നാലെ ദക്ഷിണ കൊറിയയിലുള്ളവർക്കും വടക്കൻ ജപ്പാനിന്റെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്കുമാണ് ദക്ഷിണ കൊറിയയുടെ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തി വന്നിരുന്നത്. കഴിഞ്ഞ ദിവസം വിക്ഷേപിച്ച മിസൈലുകളിലൊന്ന് ദക്ഷിണ കൊറിയയുടെ അതിർത്തി വരെ എത്തിയതായാണ് റിപ്പോർട്ട്.
ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നതിനിടെയായിരുന്നു ഉത്തരകൊറിയയിൽ നിന്നും ഒന്നിലധികം മിസൈൽ വിക്ഷേപണങ്ങൾ നടത്തിയത്. ദക്ഷിണ കൊറിയയുടെ അതിർത്തി വരെ ഉത്തര കൊറിയ വിക്ഷേപിച്ച മിസെെൽ എത്തിയ സാഹചര്യത്തിലാണ് രാജ്യത്തുള്ളവർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയത്. അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദ്ദേശമുണ്ട്.
ഉത്തരകൊറിയയിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ജപ്പാൻ കടലിന് മുകളിലൂടെ പോയതായി പ്രതിരോധ മന്ത്രി യസുകസു ഹമാദ പറഞ്ഞിരുന്നു. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ഒരു ആണവ യുദ്ധത്തിൽ കലാശിക്കുമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വരാനിരിക്കുന്ന കാഴ്ചകൾക്ക് മുന്നോടിയായുള്ള ആഘോഷം മാത്രമാണ് ഇതെന്നാണ് ഉത്തരകൊറിയൻ പ്രതിനിധി അഹൻ ചാൻ പറയുന്നത്.
Comments