ന്യൂഡൽഹി: ഡൽഹിയിൽ അനധികൃതമായി താമസിച്ചിരുന്ന 30 വിദേശികളെ നാടുകടത്തി. ഡൽഹിയിലെ ദ്വാരകയിൽ നിന്നാണ് ഇവരെ പിടികൂടിയത്. നൈജീരിയൻ സ്വദേശികളാണ് ഇവരിൽ അധികവും. ഇത്തരത്തിൽ അനധികൃത താമസക്കാരുടെ ഒത്താശയോടെ വിദേശത്ത് നിന്നുളള ലഹരി കടത്ത് ഉൾപ്പെടെ അടുത്തിടെ വർദ്ധിച്ചുവന്നിരുന്നു. ഇതിന് തടയിടുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.
അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനായി എഎടിഎസ്, ആന്റി നാർക്കോട്ടിക് സെൽ, എന്നിവയും പോലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു. ഇതിലാണ് ഇവരെ പിടികൂടിയത്. പിടിയിലായ 30 പേരിൽ 27 പേർ നൈജീരിയൻ സ്വദേശികളാണ്. മൂന്ന് പേർ ഐവറി കോസ്റ്റിലുള്ളവരാണ്. വിസയില്ലാതെയായിരുന്നു ഇവർ ദ്വാരകയിൽ താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം ഇവരെ ഫോറിൻ രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി. ഇതിന് ശേഷമായിരുന്നു ജന്മദേശങ്ങളിലേക്ക് മടക്കി അയച്ചത്.
കഴിഞ്ഞ മാസം 29 ന് രാജ്യത്ത് അനധികൃതമായി താമസിച്ചു വരികയായിരുന്ന എട്ട് ബംഗ്ലാദേശികളെ തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 30 ഓളം പേരെ വീണ്ടും മടക്കി അയച്ച്ത്. വിസയോ കൃത്യമായ രേഖകളോ ഇല്ലാതെ എത്തുന്നവർ ഇവർ രാജ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് അനധികൃതമായി രാജ്യത്ത് പാർക്കുന്നവരെ കണ്ടെത്തുകയും, കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്.
Comments