ന്യൂഡൽഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ചു. ഫേസ്ബുക്കിന്റെ എതിരാളിയായ സ്നാപ്പിലേക്കാണ് ഇനി അജിതിന്റെ ചുവടുമാറ്റമെന്നാണ് വിവരം. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരം തേടുന്നതിനായി മെറ്റയിലെ തന്റെ റോളിൽ നിന്ന് പിന്മാറാൻ അജിത് തീരുമാനിച്ചു,’ മെറ്റയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ പ്രസ്താവനയിൽ പറഞ്ഞു.
ദശലക്ഷക്കണക്കിന് ഇന്ത്യൻ ബിസിനസുകൾക്കും പങ്കാളികൾക്കും സേവനമനുഷ്ഠിക്കാൻ കഴിയുന്ന തരത്തിൽ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വളർത്തുന്നതിലും അജിത് പ്രധാനപങ്കുവഹിച്ചിട്ടുണ്ടെന്ന് നിക്കോള മാൻഡൽസൺ ചൂണ്ടിക്കാട്ടി. 2019 ജനുവരിയിലാണ് അദ്ദേഹം ഫേസ്ബുക്ക് -ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്. മെറ്റയ്ക്ക് മുമ്പ്, സ്റ്റാർ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മോഹൻ നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്
അതേസമയം അജിത് മോഹനന് പകരമായി മെറ്റാ ഇന്ത്യയുടെ ഡയറക്ടറും പാർട്ണർഷിപ്പ് മേധാവിയുമായ മനീഷ് ചോപ്ര താൽക്കാലികമായി ചുമതലയേൽക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Comments