അഹമ്മദാബാദ്:അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി. ദൃശ്യമാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്വിയുടെ പേരാണ് ആംആദ്മി ദേശീയ കൺവീനറായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചത്. ആംആദ്മിയുടെ ഗുജറാത്ത് ഘടകം പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ,ജനറൽ സെക്രട്ടറി മനോജ് സൊറതിഹ്യ എന്നിവരെ പിന്തള്ളിയാണ് ഇസുദാൻ ഗദ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുന്നത്.
വോട്ടെടുപ്പ് വഴിയാണ് മുഖ്യമന്ത്രി സ്ഥനാർത്ഥിയെ തിരഞ്ഞെടുത്തതെന്നാണ് പാർട്ടി വിശദീകരണം. നിലവിൽ ആംആദ്മിയുടെ ദേശീയ ജോയിന്റെ ജനറൽ സെക്രട്ടറിയാണ് നാൽപ്പതുകാരനായ ഇസുദാൻ ഗദ്വി. 2021 ലാണ് പാർട്ടിയിൽ ചേർന്നത്. അഹമ്മദാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്
എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ 357000360 എന്ന നമ്പറിലേക്ക് എസ്എംഎസ് അല്ലെങ്കിൽ വാട്സ്ആപ്പ് സന്ദേശം വഴി ജനങ്ങൾക്ക് അറിയിക്കാമെന്നായിരുന്നു അറിയിച്ചിരുന്നത്. [email protected] എന്ന ഐഡിയിലേക്ക് മെയിലയക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയാണ് അഭിപ്രായം അറിയിക്കാൻ സമയം നൽകിയിരുന്നത്. ഇതുവരെ വിവിധ മണ്ഡലങ്ങളിലേക്കുള്ള 118 സ്ഥാനാർത്ഥികളുടെ പേരും ആംആദ്മി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഗുജറാത്തിൽ രണ്ട് ഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഹിമാചൽ പ്രദേശിനൊപ്പം ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക.
Comments