കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിൽ ആദ്യമായി നടന്ന പ്രതിഷേധത്തെക്കുറിച്ച് ഈ നാട്ടിലെ സോ കോൾഡ് ലിബറലുകൾക്ക് മൗനമാണെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
”കേരളത്തിലെ മതേതരവാദികളും സാസ്കാരിക നായകൻമാരും എവിടെയാണ്? പുരോഗമന വാദത്തിനായി ചിത്രം വരയ്ക്കുകയും മെഴുകുതിരികൾ കത്തിക്കുകയും സാഹിത്യ സപര്യകളിൽ ഏർപ്പെടുകയും ചെയ്യുന്ന മഹാന്മാരെല്ലാം എവിടെയാണ് പോയത്? ലോകം മുഴുവനും ഹിജാബിനെതിരായി വലിയ പ്രക്ഷോഭമാണ് നടക്കുന്നത്. അതിന്റെ ഭാഗമായി കോഴിക്കോടും ഒരു കൂട്ടം വനിതകൾ ഹിജാബ് കത്തിച്ച് പ്രതിഷേധമറിയിച്ചപ്പോൾ മതേതരവാദികൾക്ക് മിണ്ടാൻ ഒന്നുമുണ്ടായില്ല. ” സുരേന്ദ്രൻ പറഞ്ഞു.
ഹിജാബ് വിഷയത്തിൽ പുരോഗമനപരമായ നിലപാടുമായി മുന്നോട്ടുപോകുമ്പോൾ മതേതരവാദികൾ എന്ന് പറയുന്നവരും അർബൻ നക്സലുകളും ചേർന്ന് പിന്നിൽ നിന്ന് കുത്തുകയാണ്. വലിയ പുരോഗമന പ്രസംഗങ്ങൾ നടത്തുന്നവർ ഹിജാബ് വിഷയം വരുമ്പോൾ പിന്തിരിപ്പൻ മൂരാച്ചി സമീപനമാണ് സ്വീകരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ചയായിരുന്നു കോഴിക്കോട് ടൗൺഹാൾ പരിസരത്ത് മുസ്ലീം യുവതികൾ ഹിജാബ് കത്തിച്ചത്. ഇക്കാര്യത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
Comments