തിരുവനന്തപുരം: നഗരസഭയിൽ ഇന്നും മേയർക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം. കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്നും ബിജെപിയുടെ പ്രതിഷേധം തുടരുന്നത്. ബിജെപി കൗൺസിലർമാർ നഗരസഭ ഉപരോധിച്ചു. മേയറുടെ മുറിയ്ക്ക് മുന്നിൽ കിടന്നുകൊണ്ടാണ് കൗൺസിലർമാർ പ്രതിഷേധിക്കുന്നത്.
മേയറുടെ ഓഫീസിന് മുന്നിൽ ബിജെപി കൊടി കെട്ടിയിരിക്കുകയാണ്. ആര്യാ രാജേന്ദ്രൻ നഗരസഭയിൽ എത്തിക്കഴിഞ്ഞാൽ അകത്ത് കയറ്റുന്ന പ്രശ്നമില്ലെന്നാണ് ബിജെപി കൗൺസിലർമാരുടെ പ്രതികരണം. മേയർ അഴിമതിക്കാരിയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അവരെ ഒരുകാരണവശാലും അകത്ത് കയറ്റില്ലെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.
കത്ത് വിവാദത്തിൽ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തരല്ലെന്നും ബിജെപി കൗൺസിലർമാർ അറിയിച്ചു. അതേസമയം നഗരസഭാ കൗൺസിലർ ഡിആർ അനിലിന്റെ മുറിയ്ക്ക് മുന്നിലും ബിജെപി പ്രതിഷേധം തുടരുകയാണ്. ബിജെപി കൗൺസിലർമാർ ഇവിടെയും ഉപരോധിക്കുന്നുണ്ട്. അനിലിന്റെ മുറിക്ക് മുന്നിലും കൊടി കെട്ടിയിരിക്കുകയാണ് പ്രതിഷേധക്കാർ. വിവാദമായ രണ്ടാമത്തെ കത്ത് തയ്യാറാക്കിയത് താൻ തന്നെയാണെന്ന് കഴിഞ്ഞ ദിവസം ഡിആർ അനിൽ സമ്മതിച്ചിരുന്നു.
Comments