വാഷിംഗ്ടൺ : ആയുധ നിയന്ത്രണ പരിശോധനകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ചയ്‌ക്കൊരുങ്ങി യുഎസും റഷ്യയും . മഹാമാരിയെ തുടർന്നും യുക്രെയ്ൻ, റഷ്യ യുദ്ധത്തെ തുടർന്നും നിർത്തി വച്ചിരുന്ന പരിശോധനകളാണ് വീണ്ടും പുനരാരംഭിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
അടുത്തിടെ നടന്നിരിക്കുന്ന വിഷയങ്ങളെ ആധാരമാക്കി സ്റ്റർട്ട് ഉടമ്പടിയുടെ കീഴിലാവും ചർച്ചകൾ നടക്കുക. യുക്രെയ്‌നിലെ സംഘർഷത്തെ കുറിച്ചുള്ള വിവരങ്ങൾ ചർച്ചയുടെ ഭാഗമാകില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ചർച്ച നടക്കുന്ന തീയതിയെക്കുറിച്ചോ സ്ഥലത്തെ കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. എന്നാൽ വർഷാവസാനത്തിന് മുമ്പ് ഈജിപ്തിൽ വെച്ച് നടത്താമെന്ന് ഉദ്യോഗസ്ഥരിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.
അപകടസാധ്യത കുറയ്‌ക്കുന്നതിനും തന്ത്രപരമായ സ്ഥിരതയ്‌ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വരാനിരിക്കുന്ന കൂടിക്കാഴ്ച ക്രിയാത്മകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2020 മാർച്ചിൽ കൊറോണ വൈറസ് വ്യാപിച്ചതിനാൽ യുഎസിന്റെയും റഷ്യയുടെയും സൈനിക സൈറ്റുകളുടെ പരിശോധനകൾ ഇരുപക്ഷവും താൽക്കാലികമായി നിർത്തിവച്ചിരുന്നു എന്നും പ്രൈസ് വ്യക്തമാക്കി.
ഇതിന് പുറമെ യുദ്ധം അവസാനിപ്പിക്കാനായി ചർച്ചകളും നയതന്ത്രത്തിനുമുള്ള സന്ദേശങ്ങളും റഷ്യ കേൾക്കേണ്ടതാണ്. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദേശങ്ങൾ ചെവിക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments