മലപ്പുറം: ഓടുന്ന ബസിന്റെ മുൻപിലേക്ക് ചാടി യുവാവിന്റെ പരാക്രമം. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ഓടുന്ന ബസിന് മുൻപിലേക്ക് ചാടിയത്. പെരിന്തൽമണ്ണ ജൂബിലി റോഡിലായിരുന്നു സംഭവം. യുവാവ് ബസിന് നേർക്ക് ഓടിവരുന്നത് കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടിയിരുന്നു.
ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. റോഡിലേക്ക് തെറിച്ച് വീണ യുവാവ് ഇതിന് ശേഷം ബസിനുള്ളിലേക്ക് കയറി ഡ്രൈവർ സീറ്റിലിരുന്നു. സംഭവ സമയം നിരവധി യാത്രികരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. ഇതോടെ നാട്ടുകാർ എത്തി ഇയാളെ കീഴടക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ പ്രയത്നത്തിന് ശേഷമാണ് നാട്ടുകാർ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചത്.
യുവാവ് റോഡിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന്റെയും, ബസിന് നേരെ ചാടുന്നതിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. രാജേഷിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് വിവരം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് രാജേഷ് ചികിത്സയിലുള്ളത്.
Comments