കൊൽക്കത്ത; പശ്ചിമ ബംഗാളിലെ കിഴക്കൻ മിഡ്നാപ്പൂരിൽ ഒരു സഹകരണ സ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. മമത ബാനർജിയുടെ തൃണൂൽ കോൺഗ്രസിനെ തൂത്തെറിയാനായി ഈ തെരഞ്ഞെടുപ്പിൽ സി പിഎം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 63 സീറ്റുകളിൽ 52 ലും സിപിഎമ്മും ബിജെപിയും ചേർന്നു രൂപീകരിച്ച ബംഗാൾ സമവായ് ബച്ചാവോ സമിതി എതിരില്ലാതെ വിജയിച്ചു.
സഹകരണ ക്രെഡിറ്റ് സൊസൈറ്റിയുടെ എല്ലാ സീറ്റുകളിലും ടിഎംസി ആദ്യം മത്സരാർത്ഥികളെ നിർത്തിയിരുന്നെങ്കിലും പിന്നീട് 52 സീറ്റുകളിൽ അവർ പിൻവാങ്ങി. ആത്യന്തികമായി, 11 സീറ്റുകളിൽ പോളിംഗ് നടത്തുകയും എല്ലാ സീറ്റുകളിലും സമവായ് ബച്ചാവോ സമിതി വിജയിക്കുകയും ചെയ്തു
നന്ദകുമാർ ബ്ലോക്കിലെ ബഹ്രാംപുർ കോ-ഓപ്പറേറ്റീവ് അഗ്രികൾചറൽ സഹകരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ബിജെപി വൻ വിജയം നേടിയത്. അതേ സമയം ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സിപിഎം നയം ദേശീയ തലത്തിലും ചർച്ചയാവുകയാണ്. ടിഎംസിയുടെ ദുർഭരണത്തിനു തടയിടാൻ ഇത്തരമൊരു കൂട്ടുകെട്ട് പ്രദേശിക തലത്തിൽ അനിവാര്യമെന്നായിരുന്നു സിപിഎം ഇക്കാര്യത്തിൽ വ്യക്തമാക്കിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണിതെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു . എന്നാൽ അത്തരം പ്രാദേശിക കൂട്ടുകെട്ടുകൾ അടുത്ത വർഷത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്തില്ലെന്നും തൃണമൂൽ നേതാക്കൾ വ്യക്തമാക്കി.
Comments