ഇടുക്കി : ഇടുക്കിയിൽ അച്ഛന്റെ വെട്ടേറ്റ് മകൻ മരിച്ചു. മൂക്കനോലിൽ ജനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ വീട്ടിലെത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ ജനീഷ് അച്ഛനെയും ഇയാളുടെ കുട്ടികളേയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടികളെ മർദ്ദിക്കുന്നത് കണ്ട് തടയാൻ പോയതാണ് അച്ഛൻ. വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്താണ് ഇയാൾ തടയാൻ ശ്രമിച്ചത്. വാക്കത്തി വീശിയപ്പോൾ ജനീഷിന്റെ കൈക്ക് വെട്ടേൽക്കുകയായിരുന്നു.
പരിക്കേറ്റയുടൻ ഇയാളെ നെടുങ്കണ്ടത്തെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇന്ന് രാവിലെയോടെയാണ് ജനീഷ് മരിച്ചത്. ആശുപത്രിയിലേക്ക് പോകുംവഴി ഇയാൾ ഛർദിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ മരണകാരണം വെട്ടേറ്റതാണോ എന്ന് പറയാൻ സാധിക്കില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ വ്യക്തത വരൂ.
Comments