ന്യൂഡൽഹി:അമേരിക്കയുമായുള്ള ബന്ധത്തെ ഇന്ത്യ വലിയ വില കൽപ്പിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ.ഒരു വിശ്വസ്ത പങ്കാളിയെന്ന നിലയിൽ യുഎസുമായുള്ള ബന്ധത്തെ ഇന്ത്യ ആഴത്തിൽ വിലമതിക്കുന്നുവെന്നായിരുന്നു ധനമന്ത്രിയുടെ പരാമർശം. യുഎസ് സാമ്പത്തിക കാര്യവകുപ്പ് സെക്രട്ടറി ജാനെറ്റ് യെല്ലനുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ- അമേരിക്ക ബന്ധത്തെ കുറിച്ച് ജാനെറ്റ് യെല്ലൻ വാചാലയായിരുന്നു. ഇന്ത്യ എന്നും അമേരിക്കയുടെ ഉറ്റബന്ധുവും സ്വാഭാവിക പങ്കാളിയും ആണെന്നും വാണിജ്യ-പ്രതിരോധ മേഖലയിലടക്കം ഏറെ ശക്തമായ പങ്കാളിത്തം തുടരുമെന്നുമായിരുന്നു ജാനെറ്റ് യെല്ലന്റെ പരാമർശം. ഇതിന് പിന്നാലെയാണ് ഇത് ശരിവെച്ച് ധനമന്ത്രി എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള സുപ്രധാനവും ഇടയ്ക്കിടെയുള്ളതുമായ ചർച്ചകളിലൂടെയും അവരുടെ പ്രതിബദ്ധതയിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കുന്നതിലേക്ക് ഇന്ത്യ-യുഎസ് സാമ്പത്തിക ബന്ധം കാലക്രമേണ കൂടുതൽ ശക്തമാവുകയാണെന്ന് നിർമലാ സീതാരാമൻ കൂട്ടിച്ചേർത്തു.
ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ, കൂടുതൽ ഏകോപിതമായ രീതിയിൽ യുഎസുമായി തുടർന്നും സഹകരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിനായി ഒരു പോലെ പോരാടിയതിന്റെ ശക്തമായ ജനാധിപത്യ സംസ്കാരമാണ് ഇന്ത്യ-അമേരിക്ക സൗഹൃദത്തിന്റെ അടിസ്ഥാനമെന്ന് ജാനെറ്റ് യെല്ലൻ പറഞ്ഞതും ധനമന്ത്രി ശരിവെച്ചു.
Comments