ദുബായ്: അബുദാബിയിൽ പറക്കും ടാക്സി വരുന്നു. ഇത് സംബന്ധിച്ച് അബുദാബി എയർപോർട്സും ഫ്രഞ്ച് കമ്പനിയായ ഗ്രൂപ്പ് എ.ഡി.പിയുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിലൂടെ റോഡിലെ കുരുക്കിൽപ്പെടാതെ അതിവേഗം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാകും.
അബുദാബിയിൽ എത്തുന്ന വിമാന യാത്രക്കാർക്ക് പറക്കും ടാക്സികളിൽ ഹോട്ടലുകളിലേക്കോ വീടുകളിലേക്കോ പോകാനാവുമെന്നാണ് അധികൃതർ പറയുന്നത് ഇലക്ട്രിക് വെർട്ടിക്കിൾ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് ഉപയോഗിക്കുന്ന നവീന വ്യോമഗതാഗത ആശയമായ അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സാധ്യതകൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കരാർ. മേഖലയിൽ ആദ്യമായാണ് ഈ സർവീസ്. കരാർ പ്രകാരം ആസൂത്രണം, ഡിസൈൻ, വികസനം, പ്രവർത്തനം എന്നിവ ഇരു കമ്പനികളും സംയുക്തമായി ഏറ്റെടുക്കും. റോഡിലെ കുരുക്കിൽപ്പെടാതെ അതിവേഗം യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാനാകും പദ്ധതിയുടെ സാധുതപഠനവും മാർക്കറ്റ് വിലയിരുത്തലും ഇരുവിഭാഗവും സംയുക്തമായി അബുദാബിയിൽ നടത്തും.
വൈദ്യുതോർജം ഉപയോഗിച്ച് വട്ടമിട്ട് പറക്കുന്നതിനും പറന്നുയരുന്നതിനും ലംബമായി പാർക്ക് ചെയ്യുന്നതിനും യാത്രികർക്കും ചരക്കുനീക്കത്തിനും സുസ്ഥിരമായ വ്യോമഗതാഗതം ഒരുക്കുന്നതിനും നവീന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് പുതിയ സംവിധാനമെന്ന് അബുദാബി എയർപോർട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജമാൽ സലിം അൽ ധാഹരി പറഞ്ഞു. അബുദാബി എയർ എക്സ്പോ 2022ന്റെ വേദിയിലായിരുന്നു അൽദാഹരിയും എ.ഡി.പി എയർപോർട്സ് സർവിസസ് മാനേജിംഗ് ഡയറക്ടർ ഫിലിപ് മാർട്ടിനറ്റും തമ്മിൽ കരാർ ഒപ്പുവെച്ചത്. അബുദാബി എയർപോർട്സ് ബോർഡ് അംഗം നാദിർ അൽ ഹമ്മാദിയും ചടങ്ങിൽ സംബന്ധിച്ചു.
Comments