ധാരാളം കേട്ടിട്ടുണ്ടെങ്കിലും പൊതുവെ ആർക്കും കണ്ടുപരിചയമില്ലാത്ത ഒരു മൃഗമാണ് ഹിമപ്പുലി. മധ്യ-ദക്ഷിണേഷ്യയിലെ പർവതനിരകളാണ് ഇവയുടെ ജന്മദേശമെന്ന് പറയപ്പെടുന്നു. കാടുകളിൽ ഇവയെ പൊതുവെ കാണാറില്ല. ലോകത്തിലാകെ 10,000ത്തിൽ താഴെ ഹിമപ്പുലികൾ മാത്രമേ ഉള്ളു എന്നാണ് കണക്ക്. അതുകൊണ്ട് തന്നെ ഇവയെ സംരക്ഷിത മൃഗങ്ങളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 2040 ആകുമ്പൊഴേക്കും ഇതിലും 10 ശതമാനം കുറവ് വരുമെന്നാണ് പറയുന്നത്.
ഹിമപ്പുലികളെ കണ്ടെത്തുക എന്നത് അങ്ങേയറ്റം ദുഷ്കരമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ പർവതങ്ങളിലെ പ്രേതങ്ങൾ എന്നും ഇവയെ വിളിക്കാറുണ്ട്. ടിബറ്റൻ പീഠഭൂമി, ഇന്ത്യയിൽ ഹിമാലയൻ മലനിരകൾ, നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവയുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാർക്ക് ഇവയുടെ ഫോട്ടോ വളരെ ദൂരെ നിന്നെങ്കിലും എടുക്കാൻ സാധിച്ചിട്ടുണ്ട്. അത്തരത്തിലൊരു ഫോട്ടോഗ്രാഫർ എടുത്ത ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
അമേരിക്കൻ ഫോട്ടോഗ്രാഫറായ കിറ്റിയ പാവ്ലോവ്സ്കിക്കാണ് ഇക്കുറി ഈ ഭാഗ്യം ലഭിച്ചത്. മഞ്ഞ് നിറഞ്ഞ മലനിരകളിലൂടെ നടക്കുന്ന ഹിമപ്പുലിയുടെ ചിത്രമാണ് കിറ്റിയ പകർത്തിയത്. പുുലിയുടെ ചിത്രം പകർത്തുന്നതിനായി165 കിലോമീറ്റർ നേപ്പാളിലൂടെ കാൽനടയായി നടന്നുവെന്നാണ് ഇവർ പറയുന്നത്. അതിനായി നടത്തിയ ദുർഘട യാത്രയുടെ വിവരണവും അവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും എന്നാൽ അങ്ങേയറ്റം സംതൃപ്തി നൽകിയതുമായ യാത്രയായിരുന്നു ഇതെന്നും അവർ പറയുന്നു.
Comments