തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ച് ബിജെപി പ്രവർത്തകർ.നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി കൗൺസിലർമാർ പ്രതിഷേധം നടത്തി.നഗരസഭാ ഭരണസമിതി പിരിച്ചുവിടുക എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പോലീസ് സുരക്ഷയിൽ നഗരസഭയിലെത്തിയ മേയർക്കെതിരെ ബിജെപി നേതാക്കൾ ഗോബാക്ക് മുദ്രാവാക്യം വിളിച്ചു. രാജിവയ്ക്കാതെ മേയറെ നഗരസഭയുടെ പടി കയറ്റില്ലെന്ന് ബിജെപി കൗൺസിലർമാർ വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യം മുൻനിർത്തി ശക്തമായ സമര രീതിയുമായി മുന്നോട്ട് പോകും. നഗരസഭയുടെ തലപ്പത്ത് കയറി നിന്ന് പ്രതിഷേധം അറിയിക്കുന്നെന്നും ബിജെപി കൗൺസിലർ എം ആർ ഗോപൻ പറഞ്ഞു. കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു.രാജി ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രവർത്തകരും പ്രതിഷേധവുമായി നഗരസഭയിലെത്തിയിരുന്നു.
അതിനിടെ രാവിലെ മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് വിവിധസംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ നഗരസഭാ ഗേറ്റ് തള്ളിത്തുറക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടാവുകയും പോലീസിന് നേരെ സമരക്കാർ കസേര എറിയുകയും ചെയ്തു
Comments