കൊൽക്കത്ത: പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ നടത്തിയ ടെറ്റ് പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാകുന്നത്. പരീക്ഷ പാസായവരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളുടെ പേരുകളുണ്ട്. സുവേന്ദു അധികാരി, പാർത്ഥ ചാറ്റർജി, ദിലീപ് ഘോഷ്, അഭിഷേക് ബാനർജി തുടങ്ങി നിരവധി പ്രമുഖരുടെ പേരുകളാണ് ബോർഡ് പുറത്തിറക്കിയ ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
മാർക്ക് ലിസ്റ്റ് പ്രകാരം അമിത് ഷാ 93 മാർക്കും മമത ബാനർജി 92 മാർക്കുമാണ് ടെറ്റ് പരീക്ഷയിൽ നേടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാർക്ക് ലിസ്റ്റ് പുറത്ത് വിട്ടത്. പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. 1,832 പേജുകളിലായി പരീക്ഷയിൽ വിജയിച്ച 1,25,000 ഉദ്യോഗാർത്ഥികളുടെ പേരുകളാണ് ഉള്ളത്. റോൾ നമ്പർ സഹിതമാണ് രാഷ്‌ട്രീയക്കാരുടേതടക്കമടക്കമുള്ള പേരുകൾ വെബ്‌സൈറ്റിലെ മെറിറ്റ് ലിസ്റ്റിൽ ചേർത്തിരിക്കുന്നത്.
075020639 എന്ന റോൾ നമ്പറാണ് അമിത് ഷായുടേതായി കാണിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലാണ് അമിത് ഷായുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. മമത ബാനർജിയുടെ ബന്ധുവായ അഭിഷേക് ബാനർജി 96 മാർക്ക് നേടിയെന്നാണ് വാദം. ബംഗാളിലെ പ്രതിപക്ഷ നേതാവായ സുവേന്ദു അധികാരിക്ക് 100 മാർക്കും സുജൻ ചക്രവർത്തിക്ക് 99 മാർക്കും ബിജെപി എംപി ദിലീപ് ഘോഷിന് 84 മാർക്കും നേടിയെന്നാണ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാൾ ബോർഡ് ഓഫ് പ്രൈമറി എജ്യുക്കേഷൻ പ്രസിഡന്റ് ഗൗതം പോളിന്റെ പേരും പരീക്ഷയിൽ യോഗ്യത നേടിയവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബംഗാളിൽ അദ്ധ്യാപക നിയമനത്തിൽ ഉൾപ്പെടെ വമ്പൻ അഴിമതി നടക്കുന്നുണ്ടെന്ന വിവരം പുറത്ത് വരുമ്പോൾ തന്നെയാണ് ടെറ്റ് പരീക്ഷയുടെ വിചിത്രമായ യോഗ്യതാ ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. ടെറ്റ് മെറിറ്റ് ലിസ്റ്റിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് നിരവധി ഉദ്യോഗാർത്ഥികളാണ് രംഗത്ത് വന്നിരിക്കുന്നത്. മാർക്ക് ലിസ്റ്റിലെ അപാകത എത്രയും വേഗം പരിഹരിക്കണമെന്ന് ആരോപിച്ച് ഉദ്യോഗാർത്ഥികൾ ബോർഡ് ഓഫീസ് ഉപരോധിക്കുകയും അടിച്ചു തകർക്കുകയും ചെയ്തു. തങ്ങളുടെ ശരിയായ മാർക്കല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്നും നിരവധി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. അതേസമയം ആശയക്കുഴപ്പം പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് ഗൗതം പോൾ പറഞ്ഞു.
Comments