തിരുവനന്തപുരം: ഒരുവശത്ത് സാമ്പത്തിക ഞെരുക്കത്തിലെന്ന് മുറവിളി കൂട്ടുമ്പോഴും മറുവശത്ത് ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ 1.30 കോടി രൂപ അനുവദിച്ചു. മന്ത്രിമാരായ ജി ആർ അനിൽ, വി എൻ വാസവൻ, വി അബ്ദുറഹ്മാൻ എന്നിവർക്കും ചീഫ് വിപ്പ് എൻ ജയരാജിനുമാണ് വാഹനങ്ങൾ വാങ്ങുന്നത്.
ഇന്നോവ ക്രിസ്റ്റ കാറുകളാണ് മന്ത്രിമാർക്കും ചീഫ് വിപ്പിനും ഉപയോഗിക്കാനായി വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പുതിയ കാറുകൾ വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്.
അതേസമയം കേരളം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തിൽ വായ്പാ പരിധി ഉയർത്തണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഒരു ശതമാനമെങ്കിലും കടമെടുക്കാനുള്ള പരിധി വർദ്ധിപ്പിക്കണമെന്നായിരുന്നു ബാലഗോപാലിന്റെ അഭ്യർത്ഥന.
Comments